Saturday, October 19, 2024
Kerala

പെരുവണ്ണാമൂഴി ഇര്‍ഷാദിന്റെ കൊലപാതകം; യുഎഇയുടെ സഹായം തേടി കേരള പൊലീസ്

കോഴിക്കോട് ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ യുഎഇ ഭരണകൂടത്തിന്റെ സഹായം തേടി കേരള പൊലീസ്. ഇന്ത്യന്‍ എംബസി മുഖേനയാണ് യുഎഇയുടെ സഹായം പൊലീസ് തേടുന്നത്. പ്രതികളായ 916 നാസര്‍ എന്ന മുഹമ്മദ് സ്വാലിഹ്, ഷംനാദ്, ഉവൈസ് എന്നിവരുടെ വിവരങ്ങള്‍ യുഎഇയ്ക്ക് കൈമാറി. കൂത്തുപറമ്പ് സ്വദേശി ജസീലിനെ തടഞ്ഞുവച്ച വിവരങ്ങളും പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം.

നാസര്‍, ഷംനാദ്, ഉവൈസ് എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം റദ്ദ് ചെയ്തതിരുന്നു. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പാസ്‌പോര്‍ട്ട് ഓഫിസര്‍ ആണ് നടപടി എടുത്തത്.

ജൂലൈ 6ന് കാണാതായ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂര്‍ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരം ലഭിച്ചത്.

രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് തിരിച്ചറിയുകയായിരുന്നു.

Leave a Reply

Your email address will not be published.