ഫറൂഖ് ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരാള്‍ക്ക് പരുക്ക്; തീയണയ്ക്കാനുള്ള ശ്രമം ഊര്‍ജിതം
കോഴിക്കോട് ഫറൂഖില്‍ വന്‍ തീപിടുത്തം. പഴയ പാലത്തിന് സമീപമുള്ള ചെറുവണ്ണൂര്‍ ഓയില്‍ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടം സംഭവിച്ചുവെങ്കിലും ആളപായമില്ല. അതേസമയം സുഹൈല്‍ എന്ന തൊഴിലാളിക്ക് സാരമല്ലാത്ത പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ചു. വലിയ അപകടം ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.