Tuesday, January 7, 2025
Kerala

ഇർഷാദിന്റെ കൊലപാതകം; സ്വർണം കൊണ്ടുപോയത് കണ്ണൂരിലേക്ക്

 

ഇർഷാദ് കൊല്ലപ്പെട്ട കടത്തു സ്വർണം പോയത് കണ്ണൂരിലേക്കെന്ന് കണ്ടെത്തൽ. പാനൂരിൽ സ്വർണ മഹൽ ജ്വല്ലറിയിലേക്കു കടത്തു സ്വർണ്ണം എത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിക്കു നോട്ടിസ് നൽകി. ശാസ്ത്രീയ തെളിവുകൾ പൊലീസ് കണ്ടെടുത്തതായാണ് വിവരം. ഇർഷാദ് കടത്തിയ സ്വർണ്ണം ഇടനിലക്കാരൻ ഷമീർ മുഖേനയാണ് ജ്വല്ലറിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണക്കടത്തിൽ ജ്വല്ലറിയിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നു പൊലീസ് പരിശോധിക്കുകയാണ്. പാനൂരിലും കുത്തുപറമ്പിലും ശാഖകൾ ഉള്ള ജ്വല്ലറിക്കു ലീഗ് നേതാവുമായി ബന്ധമെന്ന് പൊലീസ് പറയുന്നു.

ഇതിനിടെ തടവിൽ അല്ലെന്ന് സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കിയ ജസീൽ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. നേരത്തെ പുറത്ത് വന്ന ചിത്രങ്ങൾ, തടവിലെന്നുകാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചതാണെന്നും ജസീൽ പറഞ്ഞു.

സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിനെ മുഖ്യപ്രതി നാസറിന് പരിചയപെടുത്തിയത് ജസീൽ ആണ്. ജസീലിനെ സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കി എന്ന് കൂത്ത്പറമ്പ് പോലിസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ഭാര്യ നിസയുടെ പരാതിയിൽ പെരുവണ്ണാമുഴി പോലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇർഷാദ് മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ആഴ്ചകൾക്ക് മുൻപ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇൻഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തി.കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദിനെ വിട്ട് കിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയിരുന്നു. ഇർഷാദ് മരിച്ച വിവരം മറച്ചു വച്ചാണ് സ്വർണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അൻപതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നൽകി. പണം നൽകിയ ശേഷമാണ് ഇർഷാദ് മരിച്ചെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *