Saturday, January 4, 2025
Kerala

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 16ന് സംസ്ഥാനത്ത് ബഹുജന പ്രതികരണ സംഗമ പരിപാടികൾ സംഘടിപ്പിക്കും. മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാർ തീരദേശ മേഖലയിലെ ജനങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ചു പ്രതിപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെയും റോബിൻ എഡ്വിൻ്റെയും മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. മൂന്നാമത്തെ മൃതദേഹവും പുലിമുട്ടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് റോബിന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ്.

കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

തിങ്കളാഴ്ച രാവിലെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതാവുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *