മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ മടങ്ങി.
ഇന്നലെ രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു.
അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ ഇന്നലെ എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞിരുന്നു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മന്ത്രിമാർ ആരോപിച്ചു. ഇതിനു പിന്നാലെ ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനും റോഡ് ഉപരോധത്തിനുമായി രണ്ട് കേസുകളാണ് എടുത്തത്. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഇതാണ് കേസിനാധാരമായത്.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മൂന്ന് മന്ത്രിമാരും പ്രസ്താവനയിലൂടെ അറിയിച്ചു. വിഴിഞ്ഞം സമരം നിർത്തി വെക്കേണ്ടി വന്ന പ്രതികാരമാണ് യൂജിൻ പെരേര ഇന്ന് മന്ത്രിമാരോട് കാണിച്ചതെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. എന്നാൽ മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചത് മന്ത്രിമാരാണെന്നും ഫാദർ യൂജിൻ പെരേരയ്ക്ക് എതിരായ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശം അപക്വമെന്നും വി.ഡി സതീശൻ പറഞ്ഞു. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് പെരുമാതുറ മുതലപ്പൊഴി പാലവും പുതുക്കുറിച്ചി റോഡും മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ അഞ്ചുമണിയോടെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണി ലോപ്പസിന്റെ പരലോകമാത എന്ന ബോട്ട് അപകടത്തിൽപ്പെടുന്നത്. ബോട്ടിൽ ഉണ്ടായിരുന്ന നാലു പേരും കടലിലേക്ക് വീണു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിനിടെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു സ്റ്റീഫൻ, ബിജു ആന്റണി, റോബിൻ എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്.