ഉമ്മൻചാണ്ടിയോട് ബഹുമാനമുണ്ടെങ്കിൽ, പുതുപ്പള്ളിയിൽ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്; കെ. സുധാകരൻ
ഉമ്മൻചാണ്ടിയോട് ബഹുമാനവും ആദരവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാൻ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇക്കാര്യം കോൺഗ്രസ് ആവശ്യപ്പെടില്ല, എന്നാൽ തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മും ബിജെപിയുമാണ്. മത്സരം ഉണ്ടായാൽ പോലും മണ്ഡലത്തിൽ വിജയം ഉറപ്പാണ്.
പുതുപ്പള്ളിലെ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻ ചാണ്ടി കുടുമ്പത്തിൽ നിന്ന് തന്നെയായിരിക്കും. കുടുംബം നിർദ്ദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പ് ചെറിയാൻ ഫിലിപ്പ് സ്വീകരിച്ച നടപടി ശരിയായില്ല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകണം എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
നാളത്തെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായിയുമായി വേദി പങ്കിടുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പ് ആലോചനകൾ എൽഡിഎഫും സജീവമാക്കിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചർച്ചകൾ എൽഡിഎഫും സജീവമാക്കിയിരിക്കുകയാണ്.