ചാണ്ടി ഉമ്മന് അയോഗ്യതയില്ല; പുതുപ്പള്ളിയിൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കും
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. നിയമസഭ സെക്രട്ടറിയേറ്റ് ഒഴിവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഒഴിവ് അറിയിച്ചത്. നവംബർ – ഡിസംബർ മാസങ്ങളിലെ വിവിധ സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം നടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇതിനിടെ പുതുപ്പളിയിൽ സ്ഥാനാർത്ഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സംയുക്തമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയ നേതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള അന്തരീക്ഷം ഉരുത്തിരിയാൻ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേർപാടുണ്ടായാൽ അവരുടെ കുടുംബത്തിൽനിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി. അത്തരത്തിൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ പിൻഗാമി കുടുംബത്തിൽനിന്നുള്ള ആളാകാനാണ് സാധ്യത. ചാണ്ടി ഉമ്മനെ കോൺഗ്രസ് കളത്തിലിറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു. ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ കോൺഗ്രസ് നേതാക്കളോ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളോ ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ചര്‍ച്ചകൾ സജീവമാണ്.
സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എൽഡിഎഫ് സർക്കാരിന് രണ്ടരവർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്.
ഉമ്മൻചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായി. ഉപതെരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നും യോഗം വിലയിരുത്തി.