പുതുപ്പള്ളി മണ്ഡലം നിലനിർത്താനുറച്ച് കോൺഗ്രസ്; പ്രതീക്ഷ കൈവിടാതെ എൽഡിഎഫും
പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്. ഔദ്യോഗിക ചർച്ചകൾ നാളത്തെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് ശേഷമാകും തുടങ്ങുക. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ആലോചനകൾ എൽഡിഎഫും സജീവമാക്കി. ഉമ്മൻ ചാണ്ടിയുടെ കുടുംബം നിർദേശിക്കുന്നയാൾ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നു.
പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചർച്ചകൾ എൽഡിഎഫും സജീവമാക്കിയിരിക്കുകയാണ്.
അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന കോൺഗ്രസ് കോട്ടയാണ് പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ ഔദ്യോഗിക ചർച്ചകൾ കോൺഗ്രസ് തുടങ്ങിയില്ലെങ്കിലും ആലോചനകൾ സജീവമാണ്. ചാണ്ടി ഉമ്മന് സാധ്യതയേറുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു.