Monday, March 10, 2025
Kerala

വ്യാജ സർട്ടിഫിക്കറ്റ് കെ.വിദ്യയുടെ ഫോണിലുണ്ടെന്ന് സൂചന; മെയിലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ

മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിക്കും. മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പൊലീസിന് ലഭിച്ചത്.

ഫോണിൽ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പൊലീസി്നറെ സംശയം. എന്നാൽ ഇതെല്ലാം ഫോണിൽ നിന്ന് കളഞ്ഞതായി കണ്ടെത്തി. സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടത്തറ ആശുപത്രിയിലാണ് വിദ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാൽ വിദ്യയ്ക്ക് നിർജലീകരണമുണ്ട്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. നാളെ തന്നെയാണ് ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *