ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട, 5 പേർ അറസ്റ്റിൽ
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ബാങ്കോക്കിൽ നിന്നെത്തിയ നാലുപേരിൽ നിന്നാണ് ആദ്യം സ്വർണം പിടികൂടിയത്. ഇതിൽ രണ്ട് പേർ ചൊവ്വാഴ്ചയും ബാക്കിയുള്ളവർ ബുധനാഴ്ചയുമാണ് എത്തിയത്. വിശദമായ പരിശോധനയിൽ ഇവരിൽ നിന്ന് 2.09 കോടി രൂപ വിലമതിക്കുന്ന 4 കിലോ സ്വർണം (ഓരോ യാത്രക്കാരനിൽ നിന്നും ഒരു കിലോ) കണ്ടെടുത്തതായി പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്ന് എത്തിയ മറ്റൊരാളിൽ നിന്നും സ്വർണം പിടികൂടിയതായും കസ്റ്റംസ് അറിയിച്ചു. ഇയാളിൽ നിന്ന് 1.25 കിലോ സ്വർണം കണ്ടെടുത്തു. മലദ്വാരത്തിലൂടെയാണ് കടത്താൻ ശ്രമിച്ചത്. കറുത്ത ടേപ്പ് കൊണ്ട് പൊതിഞ്ഞ ഓവൽ ആകൃതിയിലുള്ള മൂന്ന് ക്യാപ്‌സ്യൂളുകളിലായിരുന്നു സ്വർണം.