Sunday, April 13, 2025
Kerala

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: സൂപ്രണ്ട് പറഞ്ഞിട്ടെന്ന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിർദേശപ്രകാരമെന്ന് സസ്പെൻഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനിൽ കുമാർ. സൂപ്രണ്ടിന്റെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് ചെയ്തത്. ഡോ.ഗണേഷ് മോഹൻ മുൻപും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. എന്നാൽ ഇത് വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ഗണേഷ് മോഹന്റെ ശ്രമമെന്നും അനിൽ കുമാർ പറഞ്ഞു.

അതേസമയം കളമശ്ശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയത് പുറത്തുകൊണ്ടുവന്ന താത്കാലിക ജീവനക്കാരി രഹനക്ക് ജോലി നഷ്ടമായി. ഇനി ജോലിക്ക് വരേണ്ടെന്ന് രഹനയോട് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി സെക്രട്ടറിയാണ് തന്നെ വിളിച്ച് അറിയിച്ചതെന്ന് രഹന പ്രതികരിച്ചു. താൻ ഇക്കാര്യം പുറത്തുകൊണ്ടുവന്നതിൻ്റെ പ്രതികാര നടപടിയാണ് ഇതെന്നും രഹന പറഞ്ഞു.

വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു . ജീവനക്കാരി രഹ്ന നൽകിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് അനിൽകുമാറിനെതിരെ കേസെടുത്തത്. ഡെസ്കിൽ ഫയൽ കൊണ്ടുവന്ന് വച്ചത് അനിൽ കുമാർ ആണെന്നും എല്ലാം സൂപ്രണ്ട് പറഞ്ഞിട്ടാണെന്ന് കരുതുന്നു എന്നും രഹ്ന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *