പൊതുരംഗത്തുള്ളയാളെപ്പറ്റി ആക്ഷേപമൊന്നും ഉന്നയിക്കാൻ കിട്ടുന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ തേജോവധം ചെയ്യുക എന്നത് വളരെ പ്രാകൃതമായ രീതി: ഡോ. പ്രിയ വർഗീസ്
പൊതുരംഗത്ത് നിൽക്കുന്ന വ്യക്തിയെ കുറിച്ച് ആക്ഷേപമൊന്നും ഉന്നയിക്കാൻ കിട്ടുന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ തേജോവധം ചെയ്യുക എന്നത് വളരെ പ്രാകൃതമായ രീതിയാണെന്ന് ഡോ. പ്രിയ വർഗീസ്. അഭിമുഖ പരീക്ഷ നടക്കുന്നതിന്റെ തലേദിവസം മുതൽക്ക് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു എന്ന് പ്രിയ വർഗീസ് പറഞ്ഞു. വിധി എതിരായി വരുമ്പോൾ മാധ്യമങ്ങൾ, മുഖ്യമന്ത്രിയുടെ ഓഫീസിലെ കെകെ രാകേഷിന്റെ ഭാര്യ എന്ന് പറയുകയും അനുകൂലമായി വരുമ്പോൾ പ്രിയ വർഗീസ് എന്ന് മാത്രം പറയുകയും ചെയ്യുന്നു എന്നും പ്രിയ വർഗീസ് കൂട്ടിച്ചേർത്തു.
“നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായി അധ്യാപന രംഗത്തേക്ക് വരുന്നവർക്ക് യുജിസി നൽകിയിട്ടുള്ള ഒരു പ്രത്യേക ആനുകൂല്യമാണ് എഫ്ഐപി എന്നുള്ളത്. അക്കാദമിക് മേഖലയിലുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെ അസിസ്റ്റൻറ് പ്രൊഫസർ ആയി വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, എഫ്ഐപിയിൽ ചെയ്യുന്ന പിഎച്ച്ഡ് ഗവേഷണമായാലും അതൊരു അധിക യോഗ്യത തന്നെയാണ്. കാരണം, അടിസ്ഥാന യോഗ്യത അവരെ സംബന്ധിച്ചിടത്തോളം നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായതാണ്. ആ കാര്യം യുജിസി റെഗുലേഷനിലൊക്കെ വ്യക്തമായിട്ടുള്ളതാണ്. ഇപ്പോഴത്തെ കോടതി വിധിയിൽ അത് അംഗീകരിച്ച് തരികയും ചെയ്തു. മാത്രമല്ല ഇവിടെ എന്റെ ടീച്ചിംഗ് എക്സ്പീരിയൻസിനെ ഇഴകീറി പരിശോധിച്ചവരാരും നാഷണൽ എലിജിബിലിറ്റി ടെസ്റ്റും ഡോക്ടറേറ്റും ഉള്ള ഒരു അധ്യാപകനും അതിൽ ഏതെങ്കിലും ഒന്നുമാത്രമുള്ള ഒരാളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചൊന്നും പരിശോധിച്ച് കണ്ടില്ല.”- ഡോ. പ്രിയ വർഗീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാൽ കടുത്ത ആക്രമണമായിരുന്നു എന്നും ഡോ. പ്രിയ വർഗീസ് ആരോപിച്ചു. വലിയ കഷ്ടമായിട്ടുള്ള ഒരു അവസ്ഥ എന്ന് പറയുന്നത്, രാഷ്ട്രീയ രംഗത്ത്, അല്ലെങ്കിൽ പൊതുരംഗത്ത് നിൽക്കുന്ന ഒരു വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് ആക്ഷേപമൊന്നും ഉന്നയിക്കാൻ കിട്ടുന്നില്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവരുടെ കുടുംബാംഗങ്ങളെ തേജോവധം ചെയ്യുക എന്ന് പറയുന്നത് വളരെ പ്രാകൃതമായിട്ടുള്ള ഒരു രീതിയാണ്. പഴയ ആഖ്യാനങ്ങളിലൊക്കെ നമ്മള് കാണാറുണ്ട്. ഒരു ഒരു രാജ്യമോ ഒക്കെ ശത്രുക്കൾ കീഴടക്കിയാൽ അവിടെയുള്ള വീട്ടകങ്ങളെ കൂടി മലിനമാക്കുക എന്നുള്ള വളരെ പ്രാകൃതമായിട്ടുള്ള ഒരു രീതിയിലേക്ക് ആധുനിക മാധ്യമങ്ങൾ പോകുന്നത്. ആ അല്ലെങ്കിൽ അങ്ങനെയുള്ള ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നവർക്ക് ആധുനിക സ്ഥാപനമായിട്ടുള്ള മാധ്യമങ്ങൾ പിന്തുണ നൽകുന്നതൊക്കെ വളരെ കഷ്ടമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. അങ്ങനെ ഒരു കാര്യമാണ് എൻ്റെ ഈ ഇൻറർവ്യൂവുമായിട്ട് ബന്ധപ്പെട്ടും നടന്നിട്ടുള്ളത്. കോടതിയിലേക്കൊക്കെ കേസ് പോകുന്നത് വളരെ പിന്നീട് മാത്രമാണ്. യഥാർത്ഥത്തിൽ ഒരു തസ്തികയിലേക്കുള്ള പരീക്ഷ ഇവിടെ അഭിമുഖ പരീക്ഷയാണ്. ആ അഭിമുഖ പരീക്ഷ നടക്കുന്നതിന്റെ തലേദിവസം മുതൽക്ക് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു എന്നുള്ളതാണ്. ഒരു ഷോർട്ട് ലിസ്റ്റിനെതിരെ ആ ഒരു സെനറ്റ് അംഗം പരാതി കൊടുക്കുക. അതിൻ്റെ പേരിൽ ആ പരാതിയിൽ എന്തെങ്കിലും തീരുമാനം വരുന്നതിന് മുന്നേ തന്നെ വിസിയുടെ വീടിന് മുന്നിൽ ആ വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യുക. അങ്ങനെയൊക്കെയുള്ള ഇതുവരെ കേട്ടുകേൾവിയും ഇല്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് എൻറെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് ഇവിടെ അരങ്ങേറിയത്. എനിക്ക് അപേക്ഷിക്കാൻ എല്ലാ യോഗ്യതകളും ഉള്ള ഒരു തസ്തികയിലേക്ക് അപേക്ഷിക്കുക മാത്രം ആണ് ഞാൻ ചെയ്തത് എന്നും പ്രിയ വർഗീസ് പറയുന്നു.
കെകെ രാഗേഷ് എല്ലായ്പ്പോളും തനിക്ക് പിന്തുണ നൽകുന്നയാളാണെന്നും അവർ പറഞ്ഞു. എന്റെ ജീവിതപങ്കാളി എനിക്ക് എല്ലാ കാര്യങ്ങളിലും വലിയ പിന്തുണ നൽകുന്ന ഒരാള് തന്നെയാണ്. ആ പിന്തുണ എന്നെ ഈ സങ്കടകാലത്തെ അഭിമുഖീകരിക്കാൻ നിശ്ചയമായിട്ടും സഹായിച്ചിട്ടുമുണ്ട്. പക്ഷെ അപ്പോഴും ഒരു വ്യക്തിപരമായ ആക്രമണം നേരിട്ടു എന്ന് പറയുമ്പോ, വ്യക്തിക്കെതിരെ ഉണ്ടാകുന്ന ആക്രമണം ഒറ്റയ്ക്ക് അയാളുടെ മനസ്സിൽ ഉണ്ടാക്കുന്ന എന്തെങ്കിലും സംഘർഷം മാത്രമല്ല. ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. ഒരു വീട്ടിലെ അച്ഛനോ അമ്മയോ വളരെ സംഘർഷങ്ങളിലൂടെ കടന്നു പോകുമ്പോ ആ വീടിൻറെ മൊത്തം അന്തരീക്ഷത്തെ അത് എത്രമാത്രം ബാധിക്കും എന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. ഇത്തരം വാർത്തകൾ കുട്ടികളെ അവരുടെ സഹപാഠികളുടെ മുന്നിൽ അവർക്ക് പറയേണ്ടിവരുന്ന മറുപടികള്. അതൊക്കെ വലിയ ആധി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അതുപോലെ വൃദ്ധരായിട്ടുള്ള മാതാപിതാക്കളെയൊക്കെ ഇത് എങ്ങനെ ബാധിക്കും? അങ്ങനെ ഒരു വ്യക്തിക്ക് നേരെ അഴിച്ചുവിടുന്ന ഏത് അക്രമണവും ആ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതുമല്ല. മാത്രമല്ല അധ്യാപന പ്രക്രിയ നമ്മള് നോട്ട് പറഞ്ഞതുകൊണ്ട് മാത്രമൊന്നും ഫലപ്രദമായി നടക്കുന്ന ഒന്നല്ല. വിദ്യാർത്ഥികളെ അധ്യാപകൻ വിശ്വാസത്തിലെടുക്കുകയും അധ്യാപകരെ വിദ്യാർത്ഥികൾ വിശ്വാസത്തിലെടുക്കുകയും ഒക്കെ ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് അത് ഫലപ്രദമായി ചെയ്യാൻ കഴിയുക. ഞാൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്ക് എന്നെ അറിയാം. ഞാൻ പഠിപ്പിച്ച കുട്ടികളിൽ ചിലർ ഫേസ്ബുക്കിലും മറ്റും എഴുതിയിരുന്നു. പക്ഷേ, ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അവിടെയുള്ള എല്ലാ അധ്യാപകരും ആ സ്ഥാപനത്തിൽ പഠിക്കുന്ന മുഴുവൻ പേരുടെയും അധ്യാപകരായി തന്നെയാണ് പ്രവർത്തിക്കേണ്ടത്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ ഒക്കെ ഉണ്ടായിരുന്ന ഒരു അനുഭവ പരിചയം ഈ ഒരു സംഘർഷ കാലത്തെ അഭിമുഖീകരിക്കാൻ തനിക്ക് വളരെ സഹായകമായിട്ടുണ്ട് എന്നും പ്രിയ വർഗീസ് പറഞ്ഞു. ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ല അത്. ആ തരത്തിൽ വിദ്യാഭ്യാസത്തെ കുറിച്ചുള്ള സങ്കൽപ്പത്തെ കൂടി അഡ്രസ് ചെയ്യുന്ന ഒരു വിധിയായി എന്നുള്ളതിൽ വലിയ സന്തോഷം തോന്നുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന് വാർത്ത കൊടുക്കുന്നതിന് പിന്നിൽ കൃത്യമായിട്ടുള്ള ഉദ്ദേശം ഉണ്ട്. മുന്നേ ഈ ഇൻ്റർവ്യൂ നടക്കുന്ന കാലം മുതൽ പല വാർത്തകളിലും നിറഞ്ഞു നിന്ന ക്യാപ്ഷൻ അങ്ങനെയാണ്. പക്ഷേ ഇന്നിപ്പോ വിധി വന്നതിന് ശേഷം എന്തുകൊണ്ടോ, അത് ഒരു സ്ത്രീ എന്ന നിലയിലായി. വിധി എതിരായി വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ കെകെ രാകേഷിന്റെ ഭാര്യ എന്ന് പറയുകയും ഇനി അനുകൂലമായി വരുമ്പോൾ പ്രിയ വർഗീസ് എന്ന് മാത്രം പറയുകയോ ഒക്കെ ചെയ്യുന്ന തമാശകൾ നമുക്ക് ഇതിന്റെ ഇടയിൽ കാണാം. ആ തമാശകൾ അത്ര നിഷ്കളങ്കമായ തമാശകൾ അല്ലതാനും.
ഇത് അപേക്ഷിക്കുന്ന സമയത്ത് കിട്ടുമെന്നോ പോകുമെന്നോ ഒന്നും വിചാരിച്ച് അപേക്ഷിച്ചതല്ല. എനിക്ക് വളരെ പ്രിയപ്പെട്ട ഇടമാണ് തൃശ്ശൂരും കേരളവർമ്മയും ഒക്കെ. പക്ഷേ ഇത്രയൊക്കെ ഇത് മുന്നോട്ടു പോയ സാഹചര്യത്തിൽ നിയമന ഉത്തരവ് ലഭിച്ചാൽ കണ്ണൂർ സർവ്വകലാശാലയിൽ ജോലിയിൽ പ്രവേശിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അവർ പ്രതികരിച്ചു.