വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ മുൻ എസ്എഫ്ഐ നേതാവിന് 2 ലക്ഷം രൂപ അയച്ചതായി തെളിവ് ലഭിച്ചെന്ന് പൊലീസ്
വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ മുൻ എസ്എഫ്ഐ നേതാവിന് 2 ലക്ഷം രൂപ അയച്ചതായി തെളിവ് ലഭിച്ചെന്ന് പൊലീസ്. വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്ന് സംശയിക്കുന്ന മുൻ എസ്എഫ്ഐ നേതാവിന് രണ്ട് ലക്ഷം രൂപ കൈമാറിയതായി പൊലീസിന് തെളിവ് ലഭിച്ചു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റ് ആയിരുന്നു ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്.
2020 ലാണ് നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നിഖിൽ ഒളിവിൽ പോയത് അഭിഭാഷകന്റെ കാറിലാണ്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അഭിഭാഷകന്റെ കാറിലാണ് 19ന് രാത്രി നിഖിൽ മുങ്ങിയത്. സിപിഐഎം പ്രാദേശിക നേതാവായ ഇയാളെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തു. സിപിഐഎം ഏരിയ കമ്മിറ്റിയംഗം അടക്കം എട്ട് പേരെ കൂടിയാണ് ഇന്നലെ ചോദ്യം ചെയ്തത്. മൂന്ന് ഇൻസ്പെക്ടർമാരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. നിഖിൽ തോമസ് പാർട്ടിയോട് കാട്ടിയത് കൊടിയ വഞ്ചനയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിനാൽ കായംകുളം സിപിഐഎം മാർക്കറ്റ് ബ്രാഞ്ച് അംഗമായ നിഖിൽ തോമസിനെ പുറത്താക്കണമെന്ന സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു.
മൂന്നുവർഷം മുമ്പാണ് നിഖിൽ തോമസ് സിപിഐഎം ആയി സഹകരിച്ച് തുടങ്ങിയത്. കാൻഡിഡേറ്റ് അംഗമായിരുന്ന നിഖിൽ തോമസ് മാസങ്ങൾക്ക് മുമ്പാണ് പൂർണ്ണ അംഗമായി. അതേസമയം നിഖിൽ തോമസ് ഇപ്പോഴും കേരള പോലീസിൻറെ പരിധിക്ക് പുറത്താണ്.
സാധാരണഗതിയിൽ മേൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറത്താക്കേണ്ട നടപടി ഗുരുതര സ്വഭാവമുള്ളതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പിലാക്കിയത്.
നിഖിലിന്റെ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാർഥിനിയായിരുന്നു രംഗത്തെത്തിയത്. 2017 ൽ എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നു.