പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ല; കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല വ്യക്തമാക്കി.
യുജിസിയെ തള്ളിയ കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ തസ്തികയിലേയ്ക്ക് പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. അസോസിയേറ്റ് പ്രഫസര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതകള്‍ പ്രിയ വര്‍ഗീസിനുണ്ടെന്നു കാട്ടി സര്‍വകലാശാല കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹര്‍ജി അപക്വമാണെന്നും ഹര്‍ജി തള്ളണമെന്നുമുള്ള ആവശ്യമാണ് സര്‍വകലാശാല കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്മേലുള്ള അന്തിമ അനുമതി ആയിട്ടില്ലെന്നും നിയമന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സര്‍വകലാശാല വിശദീകരിച്ചിട്ടുണ്ട്.