മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം
മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനം. കോഴിക്കോട് മാവൂര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെതിരെയാണ് നടപടി. സസ്‌പെന്‍ഷന്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഈ മാസം 13നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പൊലീസുകാര്‍ മര്‍ദിച്ചത്.
സ്‌കൂള്‍ സമയം കഴിഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. വകുപ്പ് തല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റും.
മഫ്തിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം പൊലീസുകാര്‍ പ്രതികളായതിനാല്‍ സംരക്ഷിക്കാന്‍ ശ്രമമുണ്ടെന്നാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ആരോപണം. പ്രതികളായവര്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.