മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഫ്തിയിലെത്തിയ പൊലീസുകാരന്റെ മര്‍ദനം
മലപ്പുറം കീഴ്‌ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഫ്തിയിലെത്തിയ പൊലീസുകാരന്റെ അതിക്രമം. ബസ് സ്റ്റോപ്പില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ഷിദിന് മര്‍ദനത്തില്‍ സാരമായി പരുക്കേറ്റു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കീഴ്‌ശേരിയിലെ സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടലുണ്ടായിരുന്നു. പിന്നീട് പരിപാടികള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരന്‍ മര്‍ദിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാത്ത കുട്ടിക്കാണ് മര്‍ദനമേറ്റത്.
വിദ്യാര്‍ത്ഥിയുടെ കഴുത്തിനടക്കം മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. വിദ്യാര്‍ത്ഥിയും കുടുംബവും ജില്ലാ പൊലീസ് മേധാവിക്ക് സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.