സനു മോഹൻ വിറ്റ കാറും വൈഗയുടെ ആഭരണങ്ങളും കണ്ടെത്തി; ഫ്‌ളാറ്റിലെ രക്തക്കറ വൈഗയുടേത്
കൊച്ചി വൈഗ കൊലപാതക കേസിൽ സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാറും വൈഗയുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വർണവും അന്വേഷണ സംഘം കണ്ടെത്തി. സനുമോഹനുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു മോഹൻ സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘവും സഞ്ചരിച്ചത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർ വിൽപ്പന ഉറപ്പിച്ചത്. അഡ്വാൻസായി 50,000 രൂപ നൽകി. മറ്റ് രേഖകൾ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു കരാർ
കാറിന്റെ സിസി അടച്ചു തീർത്തിരുന്നില്ല. കാർ വിറ്റ ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ലോഡ്ജിലാണ് സനു മോഹൻ തങ്ങിയത്. വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ഇന്ന് കർണാടക, ഗോവ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും
അതേസമയം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ നിന്നും കണ്ടെത്തിയ രക്തക്കറ വൈഗയുടേത് തന്നെയാണെന്ന് പരിശോധനാ ഫലം ലഭിച്ചു. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിനിടയിൽ വായിൽ നിന്നോ മൂക്കിൽ നിന്നോ വന്ന രക്തമാകാം ഇതെന്നാണ് കരുതുന്നത്.