സനു മോഹൻ ഇപ്പോഴും ഒളിവിൽ തന്നെ; ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു
കൊച്ചി മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ പിതാവ് സനു മോഹനായുള്ള തെരച്ചിൽ തുടരുന്നു. കർണാടകക്ക് പുറമെ ഗോവയിലേക്കും പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
കൊല്ലൂരിൽ നിന്നും സനു മോഹൻ ഗോവയിലേക്ക് മുങ്ങിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾ മൊബൈൽ ഫോണോ, എടിഎം കാർഡോ ഉപയോഗിക്കുന്നില്ല. കാർ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചെലവുകൾ നടത്തുന്നതെന്ന് സംശയിക്കുന്നു.
സനു മോഹൻ താമസിച്ചിരുന്ന കൊല്ലൂരിലെ ലോഡ്ജിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഇയാൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
അതേസമയം വൈഗയുടെ ആന്തരികാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനാഫലം പുറത്തുവന്നു. ഉള്ളിൽ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. വൈഗയെ ഫ്‌ളാറ്റിൽ നിന്നും സനു മോഹൻ കൊണ്ടുപോയത് അബോധാവസ്ഥയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.