കൊച്ചിയിലെ പുകമഞ്ഞിൽ നീതി തേടി യുവജനങ്ങളുടെ സൈക്കിൾ യാത്ര
മെട്രോ നഗരമായ കൊച്ചിയിലെ 60 ഏക്കർ വരുന്ന പ്ലാസ്റ്റിക് മലകൾക്ക് നീണ്ട 12 ദിവസം തീ പിടിച്ചപ്പോൾ എറണാകുളം ജില്ല അക്ഷരാർത്ഥത്തിൽ പുക ദുരന്തത്തിന് ഇരയാക്കപ്പെടുകയായിരുന്നു.വിഷപ്പുക ശ്വസിച്ചതിലൂടെ നമ്മുടെ ശരീരത്തിൽ കടന്നു കൂടിയത് കാൻസർ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കാനിടയുള്ള മാരകമായ ഡയോക്സിൻ, ഫുറാൻ തുടങ്ങിയ വിഷവസ്തുക്കളാണ്. ഗർഭിണികൾക്കും, കുഞ്ഞുങ്ങൾക്കും എന്ന് തുടങ്ങി വിഷപ്പുക ശ്വസിച്ചവർക്ക് മാരകമായ രോഗങ്ങളാണ് വരും ദിനങ്ങളിൽ കാത്തിരിക്കുന്നതെന്ന് തീർച്ച. ഈ മഹാദുരന്തത്തിൽ അധികാരികൾ തുടരുന്ന കുറ്റകരമായ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കണ്ടതുണ്ട്.
ഈ വിഷദുരന്തത്തിൽ പ്രതിഷേധം രേഖപ്പെടുത്താനും പൊതു സമൂഹത്തിൽ ഉയരേണ്ട ചോദ്യങ്ങൾ ഉന്നയിക്കാനും രംഗത്തുവന്നിരിക്കുകയാണ് ‘വോയിസ് ഓഫ് ഫ്യൂച്ചർ’ എന്ന ചെറുപ്പക്കാരുടെ കൂട്ടായ്‌മ. കൊച്ചിയിലെ പുകമഞ്ഞിൽ നീതി തേടി ഇവർ ഒരു സൈക്കിൾ യാത്ര സംഘടിപ്പിക്കുകയാണ്. മാർച്ച് 25 -ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സൈക്കിൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്ക് മുതൽ വൈറ്റില വരെയാണ് സൈക്കിൾ യാത്ര.
Voice of Future എന്ന Movement ൻ്റെ ഭാഗമായി ബ്രഹ്മപുരം തീപിടുത്തതിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനും സംഭവത്തിൻ്റെ പ്രത്യാഘാതങ്ങൾ വിദഗ്ദരായ ഒരു കമ്മറ്റിയെ കൊണ്ട് പഠിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുക, ഇരകളായവരുടെ ആരോഗ്യപരിരക്ഷ ഗവൺമെൻ്റ് ഏറ്റെടുക്കുക, ഹൈക്കോടതി സിറ്റിങ് ജഡ്ജി അധ്യക്ഷനായ സമിതിയെകൊണ്ട് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുക, മാലിന്യപ്രശ്ന പരിഹാരത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹാർദവും ആയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തിന് ചുറ്റും ഒരു കൃത്രിമ വനം വച്ച് പിടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്.
2019 ൽ കേവലം 2 ദിവസം ഒരു ചെറിയ പ്രദേശത്ത് ഉണ്ടായ തീപിടുത്തം മൂലമുണ്ടായ വിഷവസ്തുക്കൾ 13 ലക്ഷം ആളുകളെ നേരിട്ട് ബാധിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ദുരന്തങ്ങൾ തടയാൻ ഗവേഷകർ മുന്നോട്ടു വച്ച നിർദേശങ്ങൾ നടപ്പിലാക്കിയിലെന്ന് മാത്രമല്ല മറ്റൊരു മഹാദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തു, ഇതിനെതിരെയാണ് നീതി തേടി യുവജനങ്ങൾ രംഗത്തിറങ്ങുന്നത്. സമൂഹത്തിലെ അനീതിക്കെതിരെയും പോരാടാനും പ്രകൃതിയെ സംരക്ഷിക്കാനുമാണ് ‘വോയിസ് ഓഫ് ഫ്യൂച്ചർ’ കൂട്ടായ്മ പ്രവർത്തിക്കുന്നത്.