Wednesday, April 16, 2025
National

യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഉണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം; പ്രതിഷേധ നടപടിയുമായി ഇന്ത്യ

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഉണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതിഷേധ നടപടിയുമായി ഇന്ത്യ. നടപടിയുടെ ഭാഗമായി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്കുള്ള സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഹൈക്കമ്മീഷണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകളും നീക്കം ചെയ്തു.

ശാന്തിപഥിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ബങ്കറുകളും ഡല്‍ഹി പൊലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ വസതിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്. റോഡ് ഡൈവേര്‍ട്ടര്‍, സ്പീഡ് ബ്രേക്കര്‍, മണല്‍ ചാക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ബങ്കറുകള്‍, പിസിആര്‍ വാനുകള്‍, ലോക്കല്‍ പൊലീസ് സുരക്ഷ എന്നിവയാണ് നീക്കിയത്.

ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖാലിസ്ഥാനി അനുകൂലികള്‍ ആക്രമിച്ചപ്പോള്‍ യുകെ സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നീണ് ഇന്ത്യയുടെ പ്രതിഷേധ നടപടി. വിഷയത്തില്‍ സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ നടത്തിയ വിലയിരുത്തലിന് ശേഷമാണ് പുതിയ നീക്കങ്ങള്‍.

അതേസമയം സുരക്ഷാ ക്രമീകരണങ്ങള്‍ നീക്കം ചെയ്തതില്‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ പ്രതികരിച്ചിട്ടില്ല. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നിലെ ഇന്ത്യന്‍ പതാകയും ഖാലിസ്ഥാന്‍ അനുകൂലികള്‍ നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *