Monday, March 10, 2025
Kerala

നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട് നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളായ ചെക്യാടും വളയത്തും വാണിമേലിലും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. തൂണേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ രോഗം ബാധിച്ചവരുടെ എണ്ണം 80 കവിഞ്ഞു.

ചെക്യാട് പഞ്ചായത്തിൽ 12 പേർക്കും വളയത്ത് 10 പേർക്കും രോഗം ബാധിച്ചു. നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം 36 ആയി. ഇന്നലെ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നാദാപുരത്ത് ഇന്നലെയും വാക്‌സിനേഷന് ശ്രമം നടത്തിയെങ്കിലും ഒരാൾ പോലും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിനോടുള്ള രക്ഷിതാക്കളുടെ വിമുഖതയാണ് പ്രതിരോധ പ്രവർത്തനത്തിലെ വെല്ലുവിളി. കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ തടയുന്നവർക്കെതിരെ നടപടി വേണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കലക്ടറോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ്.

ചൊവ്വാഴ്ച നാദാപുരം ഉപജില്ലയിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകർക്കും പിടിഎ പ്രസിഡന്റുമാർക്കും ബോധവൽക്കരണ ക്ലാസ് നൽകാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇതിനിടെ രോഗ ലക്ഷണങ്ങൾ ഉള്ളവർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നതായും ഡോക്ടർമാർ റിപ്പോർട്ട് നൽകി.

Leave a Reply

Your email address will not be published. Required fields are marked *