നാദാപുരത്ത് അഞ്ചാം പനി പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 12 പേർക്ക്; രോഗലക്ഷണമുള്ളകുട്ടികളെ സ്‌കൂളിൽ അയക്കരുതെന്ന് നിർദേശം
കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. നാല് കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 12 ആയി.
നാദാപുരത്ത് ആറ് വാർഡുകളിലാണ് രോഗബാധ ഉള്ളത്. മേഖലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടക്കുന്നുണ്ട്. പുതിയ രക്തസാമ്പിളുകൾ എടുക്കേണ്ടതില്ല എന്നും നിർദേശമുണ്ട്.
പനി, ജലദോഷം, ദേഹത്ത് ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെ സ്‌കൂളിലും അംഗൻവാടിയിലും അയക്കരുതെന്നും രോഗബാധ സംശയിക്കുന്നവർ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
കുത്തിവെപ്പുകൾ എടുക്കാത്തവർക്കായി ഗ്രാമ പഞ്ചായത്തിന്റെ നാല് കേന്ദ്രങ്ങളിൽ ഇന്ന് പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ എത്തി മുഴുവൻ പേരും വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദേശം നൽകി. കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.