Sunday, January 5, 2025
Kerala

തൃശൂർ വടക്കാഞ്ചേരി ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി; ഒരു മരണം; 12 പേർക്ക് പരുക്ക്

തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ പുഷ്പ ഹോട്ടലിലേക്ക് മലബാർ എഞ്ചിനീയറിംഗ് കോളേജ് ബസ് പാഞ്ഞുകയറിയത്. വിദ്യാർത്ഥികളും അധ്യാപകരുമായി വടക്കാഞ്ചേരി ഭാഗത്തുനിന്നാണ് ബസ് വന്നിരുന്നത്. ഹോട്ടലിൻറെ മുൻവശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മങ്ങാട് സ്വദേശി സരളയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇവർ ഇന്ന് ഉച്ചയോടെ മരിച്ചു. 11 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടും. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്നവരെ പിറകിലെ ചില്ല് തകർത്താണ് പുറത്തേക്ക് മാറ്റിയത്. വടക്കാഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ ഹോട്ടലിൻറെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടകാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *