Thursday, January 9, 2025
World

രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്‌റ്റ്വെയർ, സർവർ ടീമിന്റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകും’- ഇലോൺ മസ്‌കിന്റെ ട്വീറ്റ് ഇങ്ങനെ.

നേരത്തെ, താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കമ്പനിക്കായി മറ്റൊരു സിഇഒയെ ഇലോൺ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വറ്ററിലൂടെയുള്ള രാജി പ്രഖ്യാപനം. ട്വിറ്ററിലെ നൂറിലധികം മുൻ ജീവനക്കാർ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കം.

ട്വിറ്ററിൽ തന്നെ നൽകിയിരുന്ന പോളിലാണ് മസ്‌കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴിൽ അന്തരീക്ഷത്തോടുമുള്ള അതൃപ്തി ഉപയോക്താക്കൾ രേഖപ്പെടുത്തിയത്. മസ്‌ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. മസ്‌ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളിൽ പങ്കെടുത്തത്.

ഏറെ അഭ്യൂഹങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ടെസ്ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ട്വിറ്ററിൽ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോൾ ഉണ്ടാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *