കണ്ണൂര്‍ വി.സി ക്രിമിനല്‍, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു’; ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍. വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി. സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വിസിയുടെ അറിവോടെയാണ്. തന്നെ കായികമായി കയ്യേറ്റം ചെയ്യാന്‍ വിസി ഒത്താശ ചെയ്‌തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് വൈസ് ചാന്‍സലറുടെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് വി സി സ്ഥാനത്ത് അദ്ദേഹമിരിക്കുന്നത്. വിസിക്കെതിരെ നിയമത്തിന്റെ വഴിയേ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വി സി കണ്ണൂര്‍ സര്‍വകലാശാലയെ നശിപ്പിക്കുകയാണ് എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച നിരവധി പരാതികളുണ്ട്. ഇവ ഓരോന്നും അന്വേഷണ പരിധിയില്‍ വരും.
ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതിലൂടെ ചാന്‍സിലറെന്ന നിലയില്‍ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സമിതി അദ്ധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിരമിച്ച ജഡ്ജി, വിരമിച്ച ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഭാവനാവിലാസങ്ങളാണ്. നിയമസഭ പാസാക്കുന്ന നിയമങ്ങളെ മുന്‍വിധിയോടെ സമീപിക്കില്ല. നിയമങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി.