Saturday, October 19, 2024
Kerala

സര്‍വകലാശാലകളിലെ ബന്ധു നിയമനം; ഉന്നതതല സമിതിയെ നിയോഗിക്കാന്‍ ഗവര്‍ണര്‍

സര്‍വകലാശാലകളിലെ ബന്ധു നിയമനം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വിദ്യാഭ്യാസ വിദഗ്ധരും അംഗങ്ങളായി ഉണ്ടാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ സര്‍വകലാശാലയിലെ നിയമനത്തില്‍ രൂക്ഷമായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. പ്രിയ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്നും അധ്യാപന പരിചയമില്ലെന്നും അക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ബന്ധുത്വ നിയമനത്തിനുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലയെ മാറ്റാന്‍ കഴിയില്ല. രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയാണ് സര്‍വകലാശാലകളെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

നിരവധി വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം വിവാദമാകുന്നതും നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതും.

Leave a Reply

Your email address will not be published.