ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു; വിദ്യാര്‍ത്ഥിയുടെ തല മേശയിലിടിപ്പിച്ച് അധ്യാപകന്റെ ക്രൂരത
അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റതായി പരാതി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിരണ്‍മാഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞതിനാണ് അധ്യാപകന്‍ സംയക് നന്ദാവത് എന്ന കുട്ടിയുടെ തല മേശയിലിടിപ്പിച്ചത്. കുട്ടിയുടെ കുടുംബം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
അധ്യാപകന്റെ മര്‍ദനത്തില്‍ കുട്ടിയുടെ മുഖത്ത് പരുക്കേറ്റെന്നും മുന്‍വശത്തുള്ള പല്ലുകള്‍ നഷ്ടമായെന്നും കുട്ടിയുടെ കുടുംബം പറയുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹിന്ദി അധ്യാപകനാണ് കുട്ടിയോട് ക്രൂരത കാണിച്ചത്. സംയക്കിന് 14 വയസാണ്.
അധ്യാപകന്റെ ആക്രമണത്തെത്തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടും സ്‌കൂള്‍ അധികൃതരോ അധ്യാപകരോ കുട്ടിയ്ക്ക് വൈദ്യ സഹായം നല്‍കുകയോ വീട്ടുകാരെ വിവരമറിയിക്കുകയോ ചെയ്തില്ല. കുട്ടി വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ പരുക്കിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം മാതാപിതാക്കളോട് വെളിപ്പെടുത്തുന്നത്.
എന്നാല്‍ വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ കുട്ടി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ മേശയില്‍ തലയിടിച്ചതാണെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. വീട്ടുകാര്‍ ബഹളം വച്ചതോടെ ഇനി ഇത്തരം സംഭവങ്ങള്‍ അധ്യാപകന്റെ ഭാഗത്തുനിന്ന് കണ്ടെത്തിയാല്‍ മാത്രം നടപടിയെടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.