Friday, January 24, 2025
Kerala

സ്വര്‍ണക്കടത്ത് കേസുമായി എനിക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’; സ്വപ്‌നയ്ക്ക് മറുപടിയുമായി ജലീല്‍

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മന്ത്രി കെ ടി ജലീല്‍. തനിക്ക് കോണ്‍സുല്‍ ജനറലുമായി യാതൊ രുവിധത്തിലുമുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലൊരിടത്തും തനിക്ക് ഇപ്പോള്‍ ബിസിനസില്ല. തനിക്ക് വലിയ ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നെങ്കില്‍ അതിലൂടെ താന്‍ നേടിയ പണവും ജീവിതസാഹചര്യങ്ങളും കാണാനാകുമായിരുന്നല്ലോ എന്നും കെ ടി ജലീല്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷക്കാലത്തെ തന്റെ എല്ലാ പണമിടപാടുകളും ഇ ഡി പരിശോധിച്ചതാണ്. ബിസിനസിലൂടെ നേടിയ പണം അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ എന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തിലെ വളരെ ചെറിയ കാലയളവില്‍ മാത്രമാണ് ബിസിനസ് ചെയ്തിരുന്നതെന്ന് കെ ടി ജലീല്‍ പറയുന്നു. യൂത്ത് ലീഗില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കാലയളവില്‍ ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. 19 അര സെന്റ് സ്ഥലവും 2700 സ്വകര്‍ ഫീറ്റുള്ള ഒരു സാധാരണ വീടുമാണ് തനിക്കുള്ളതെന്ന് കെ ടി ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ തനിക്ക് സ്വര്‍ണക്കടത്തുകേസുമായി ബന്ധമില്ലെന്ന് തെളിയിക്കുന്നുണ്ടെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മൂലം ഗള്‍ഫില്‍ മരിച്ച പ്രവാസികളുടെ ചിത്രമുള്‍പ്പെടെ മാധ്യമം പത്രം പ്രസിദ്ധീകരിച്ചപ്പോള്‍ നിജസ്ഥിതി അന്വേഷിച്ചറിയാനാണ് കത്തയച്ചതെന്ന് കെ ടി ജലീല്‍ പറയുന്നു. പത്രം നിരോധിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. പലരും കോണ്‍സല്‍ ജനറലിന് കത്തയച്ചിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനം ആണെങ്കില്‍ തൂക്കിക്കൊല്ലുമോ എന്നും കെ ടി ജലീല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *