ഇ ഡിയെ സംശയ നിഴലിൽ നിർത്താൻ ശ്രമം; വി ഡി സതീശന്റെ പ്രസ്താവന മുഖ്യമന്ത്രിയെ സഹായിക്കാനെന്ന് കെ സുരേന്ദ്രൻ
സ്വർണക്കടത്ത് കേസിൽ ഇ ഡി അന്വേഷണം ആവശ്യമില്ലെന്ന നിയമസഭയിലെ വി ഡി സതീശന്റെ പ്രസ്താവനയെ വിമർശിച്ച് ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വി ഡി സതീശന്റെ പ്രസ്താവന മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്നു. ഇ ഡി യെ സംശയ നിഴലിൽ നിർത്താനാണ് വി ഡി സതീശന്റെ ശ്രമമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം.
സ്വര്‍ണക്കടത്ത് കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സഭയില്‍ ആവശ്യപ്പെട്ടത്. ഇ ഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസന്വേഷണം കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. ഇത് കേസ് അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സബ്മിഷനില്‍ ചര്‍ച്ച പറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.
അതേസമയം സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ നിയമസഭയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമല്ല മറിച്ച് കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും സ്വര്‍ണക്കടത്ത് ഉയര്‍ത്തി കലാപമഴിച്ചു വിടാന്‍ ശ്രമിച്ചു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.