കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആഭരണം മോഷ്ടിച്ച് അച്ഛനും മകളും; കുടുക്കി പൊലീസ്
ജ്വല്ലറി ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകല്‍ ആഭരണങ്ങള്‍ മോഷ്ടിച്ച അച്ഛനും മകളും പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇരുവരേയും പൊലീസ് കുടുക്കിയത്
മകള്‍ക്ക് മാല വാങ്ങാനെന്ന വ്യാജേനെയാണ് ഇരുവരും ജ്വല്ലറിയിലെത്തുന്നത്. മാലകള്‍ ഓരോന്നും എടുത്തുനോക്കി ഇവര്‍ പരസ്പരം അഭിപ്രായം പറയുമ്പോഴും മാലകള്‍ തിരികെ വയ്ക്കുമ്പോഴും ജീവനക്കാര്‍ക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. എന്നാല്‍ പെട്ടെന്നൊരു നിമിഷം അപ്രതീക്ഷിതമായി പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.
അപ്രതീക്ഷിതമായ മുളകുപൊടി പ്രയോഗത്തില്‍ ജീവനക്കാര്‍ പരിഭ്രമിച്ച അല്‍പ സമയം കൊണ്ട് കൈയിലുണ്ടായിരുന്ന മാലയുമായി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പേര് റിയ എന്നാണെന്നും പിതാവിന്റെ പേര് അശോക് എന്നാണെന്നും മുസാഫര്‍നഗര്‍ പൊലീസ് പറഞ്ഞു. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും.