Monday, January 6, 2025
Kerala

മുസ്ലിങ്ങളെ ചുട്ടുകൊല്ലുന്ന ആർ.എസ്.എസിനോട് ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചർച്ച ചെയ്യാനുള്ളത്; മുഖ്യമന്ത്രി

ജമാഅത്തെ ഇസ്ലാമി – ആർ.എസ്.എസ് സംഭാഷണതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. മുസ്ലിങ്ങളെ ചുട്ടുകൊല്ലുന്ന ആർ.എസ്.എസിനോട് ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചർച്ച ചെയ്യാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ ന്യുനപക്ഷ വർഗീയത വലിയ ആപത്താണ്. ഇഷ്ടം അല്ലാത്തതിനെ കൊന്നു തള്ളുന്നവരാണ് ആർ.എസ്.എസുകാർ. ഈ ചർച്ച മുസ്ലിം ജനതയ്ക്ക് വേണ്ടി അല്ലെന്ന് വ്യക്തമാണ്. ജനം ചോദിക്കുന്നത് എന്താണ് അവർ തമ്മിലുള്ള ചർച്ചയെന്നാണ്.

എന്താണ് ആർ.എസ്.എസ് എന്ന് വിശദീകരിക്കേണ്ട അവശ്യമില്ല. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി കോൺഗ്രസിന്റെ കൂടെ അണി നിരന്നവരാണ്. അവർക്കിടയിലെ പ്രത്യേക കെമിസ്ട്രി പ്രധാനപ്പെട്ടതാണ്. കോൺഗ്രസ്‌, ലീഗ്, വെൽ ഫെയർ പാർട്ടി കുട്ടുകെട്ടിന് ആർ.എസ്.എസ് ചർച്ചയിൽ പങ്കുണ്ടോ എന്ന് വ്യക്തമാക്കണം. വർഗീയമായ ഏതു നീക്കത്തെയും എതിർക്കുകയെന്നതാണ് ഇടതു സർക്കാരിന്റെ നയം.

ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധതിരിക്കാനാണ് ഇവർ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വർഗീയ വികാരം ഇളക്കി ജനവിരുദ്ധ നടപടികൾക്ക് എതിരായ പ്രതിഷേധം ഇല്ലാതാക്കുകയാണ്. ഇത് കേന്ദ്രവും വർഗീയതയുടെ നേതാക്കളും ചേർന്നുള്ള കളിയാണ്. ജമാഅത്തെ ഇസ്ലാമി – ആർ.എസ്.എസ് ചർച്ച തീർത്തും ദുരൂഹമാണ്.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായാണ് പ്രവർത്തിക്കുന്നത്. അതിനു എതിരെ ജാഥ ജനകീയ മുന്നേറ്റം ഉണ്ടാക്കും. സർക്കാർ കടുത്ത നടപടി എടുക്കേണ്ട സ്ഥിതിയിലാണ്. കേന്ദ്രം കേരളത്തെ ശരിക്കും അവഗണിക്കുകയാണ്. കേരളം തകരുന്നു എന്ന പ്രചാരണമാണ് ബിജെപി നയത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *