Monday, January 6, 2025
National

ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി ചർച്ച: വാർത്തകൾ ദുരുദ്ദേശപരമെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി

ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി. ആരിഫ് അലി. ആർഎസ്എസ് പ്രതിനിധികളുമായി രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികൾ ചർച്ച നടത്തിയത് ശരിയാണ്. എന്നാൽ ഇന്ത്യൻ മുസ്‌ലിമുകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഈ ചർച്ചയുമായി മുന്നോട്ട് കൊണ്ട് പോയതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ന്യൂ ഡൽഹിയിൽ ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും ചർച്ച നടത്തിയത്.

ആർഎസ്എസ് ഉയർത്തിവിട്ട സാമൂഹിക – രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം എന്നതിനാൽ അവ ആർഎസ്എസിനോട് തന്നെയാണ് സംസാരിക്കേണ്ടത് എന്ന് ആരിഫ് അലി കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ് എന്ന വ്യക്തമായ ബോധ്യം ഞങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തും വിധം നടത്തുന്ന പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ് എന്ന് കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *