അജയകുമാറിന്റെ ആത്മഹത്യയില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ്
കൊല്ലം ആയൂരിലെ അജയകുമാറിന്റെ ആത്മഹത്യയില്‍ പൊലീസ് കേസെടുത്തു. മകളുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്താണ് അജയകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപ സംഘം മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് അജയകുമാറിനെ മര്‍ദിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍, സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റു.
പൊലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായിരുന്നില്ല. പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.