വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഭർത്താവിന്റെ സുഹൃത്തുക്കൾ പിടിയിൽ
ചാരുംമൂട്: വള്ളികുന്നം സ്വദേശിനിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടു പേരെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയൻകുളം വീട്ടിൽ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ പദലിൽ അബ്ദുൾ സലാം (39) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
ഒന്നാം പ്രതി സിയാദിന്റെ കൂട്ടുകാരനായിരുന്നു വീട്ടമ്മയുടെ ഭർത്താവ്. ഈ അടുപ്പം വെച്ചാണ് വീട്ടമ്മയുമായി ഒന്നാം പ്രതി ഇണക്കിലായത്. വീട്ടമ്മയുടെ ഭർത്താവുമായി കൂട്ടുകാർ തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് സിയാദും സലാമും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നു വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നൽകിയ വീട്ടമ്മയുടെ പരാതിയെത്തുടർന്ന് വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇഗ്നേഷ്യസ്, എസ് ഐ അജിത്ത്, സി പി ഒ മാരായ വിഷ്ണു, സാജൻ, ലാൽ, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.