Thursday, January 9, 2025
Kerala

ക്രിമിനൽ ബന്ധമുള്ള മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണം; കെ.സുരേന്ദ്രൻ

സംസ്ഥാനത്തെ പൊലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചില പൊലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ഗുണ്ടാ-ലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും കേരളത്തിലെ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐഎം നേതാക്കളും പ്രവർത്തകരുമാണ് സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ. ഇവരെ സംരക്ഷിക്കുന്ന ജോലിയാണ് പൊലീസിനുള്ളത്. ആലപ്പുഴയിലും തിരുവനന്തപുരത്തും സിപിഎമ്മിലെ ലഹരി മാഫിയ പൂർണമായും ആ പാർട്ടിയെ കീഴടക്കിയത് കേരളം കണ്ടതാണ്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് പൊലീസ് ഇത്രയും അധപതിക്കാൻ കാരണമെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു .

തിരുവനന്തപുരത്തെ മംഗലപുരം പൊലീസ് സ്റ്റേഷൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കും സ്വാധീനമുണ്ട്. പ്രാദേശിക സിപിഐഎം നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി സിപിഐഎം കേരളത്തെ മാറ്റിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *