കെ റെയിൽ സ്ഥലം ഏറ്റെടുപ്പിനിടെ കൊല്ലത്ത് ഒരു കുടുംബത്തിന്റെ ആത്മഹത്യാഭീഷണി
കെ റെയിൽ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് ഒരു കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. ദേഹത്ത് പെട്രോൾ ഒഴിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം.
റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. സ്ഥലമേറ്റെടുത്താൽ ഇവരുടെ വീട് പൂർണമായും നഷ്ടപ്പെടും. തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ഇവർ കടന്നതെന്ന് അറിയുന്നു. ജയകുമാറും ഭാര്യയും മകളുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ചത്
പ്രതിഷേധിക്കുന്നവർക്ക് പിന്തുണയും സഹായവുമായി കോൺഗ്രസും ബിജെപിയും എത്തിയത് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നുണ്ട്. നേരത്തെ ചാത്തന്നൂരിലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു.