മോൻസൺ പോക്സോ കേസ്: പോലീസിനെതിരേ ഡോക്ടർ രംഗത്ത്
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയില്‍ പ്രതിയായ കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് പ്രഫ. ഡോ. വി. പ്രിയ പോലീസ് പീഡനമാരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഇവര്‍ക്കു മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കരുതെന്നു നിര്‍ദേശിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോക്സോ കേസിനെത്തുടര്‍ന്നുള്ള മെഡിക്കല്‍ പരിശോധനയ്ക്കു ഹാജരാക്കിയ പെണ്‍കുട്ടിയെ പോലീസ് ബലമായി തന്റെ മുന്നില്‍നിന്നു പിടിച്ചുകൊണ്ടുപോയിട്ടു പെണ്‍കുട്ടിയെ താന്‍ തടഞ്ഞുവച്ചെന്നു കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് ഡോ. പ്രിയയുടെ ആരോപണം.
ഒക്ടോബര്‍ 27ന് പെണ്‍കുട്ടിയെ പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ചു പെണ്‍കുട്ടിയെ പരിശോധിച്ച് ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുവിന്റെ ഫോണില്‍ വിളിച്ച് ഒരു പോലീസ് ഓഫീസര്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
പരിശോധന കഴിഞ്ഞു തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. തുടര്‍ന്നാണ് രണ്ടു പോലീസുകാര്‍ വാതില്‍ തള്ളിത്തുറന്നു മുറിയിലേക്കു കയറിവന്നു പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതെന്നു ഡോക്ടറുടെ ഹര്‍ജിയില്‍ പറയുന്നു.