പെരുമഴ; ആന്ധ്രയിൽ 29 മരണം, നൂറോളം പേരെ കാണാനില്ല
ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടം. വിവിധ അപകടങ്ങളിൽ 29 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വെള്ളപ്പൊക്കത്തിൽ നൂറോളം പേരെ കാണാനില്ലെന്നും പലയിടത്തും പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
സംസ്ഥാനത്തിന്റെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറി. പലയിടത്തും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്. തിരുപ്പതി ക്ഷേത്രപരിസരത്ത് ജലനിരപ്പ് ഉയർന്നതോടെ നൂറുകണക്കിന് ഭക്തർ കുടുങ്ങി. ക്ഷേത്ര പരിസരത്ത് കൂടി ഒഴുകുന്ന സ്വർണമുഖ നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
കടപ്പ ജില്ലയിൽ ആന്ധ്രപ്രദേശ് സർക്കാരിന്റെ മൂന്ന് യാത്രാ ബസുകൾ ഒഴുകിപ്പോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. 12 പേർ അപകടത്തിൽ മരിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ പലയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കടപ്പ വിമാനത്താവളം നവംബർ 25 വരെ അടച്ചു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുർനൂൽ, കടപ്പ, ചിറ്റൂർ, അനന്ത്പുർ ജില്ലകളെയാണ് മഴ വലിയതോതിൽ ബാധിച്ചത്.