Tuesday, April 15, 2025
Kerala

ശബരിമലയിലെ നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

 

കലാവസ്ഥ അനുകൂലമായി മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയെ തുടർന്ന് പമ്പ ഡാമിൽ റെഡ്അലർട്ട് പ്രഖ്യാപിച്ച് സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടർ ശനിയാഴ്ച ശബരിമലയിൽ നിയന്ത്രണങ്ങൾ എർപ്പെടുത്തിയത്. ഇന്നലെ രാത്രി 11:40-ഓടെയാണ് നിരോധനം ഏര്‍പ്പെടുത്തി കളക്ടറുടെ ഉത്തരവ് വന്നത്.

തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കുമെന്നും കളക്ടർ അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിൽ വലിയ മാറ്റം വന്നതോടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി കടന്നതോടെ ഒരു ഷട്ടർ കൂടി ഉയർത്തി. രാവിലെ ആറ് മണിയോടെയാണ് ഡാമിന്റെ വി3, വി4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

തമിഴ്‌നാടിൻ മുകളിലായുള്ള ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ശക്തമായ മഴയാണ് പെയ്യുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ക്ഷേത്രത്തിലേക്കുള്ള സന്ദർശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *