ദത്ത് വിവാദം; ലൈസന്‍സ് ഹാജരാക്കിയില്ല: ശിശുക്ഷേമ സമിതിയ്ക്ക് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് കുടുംബക്കോടതി. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതി രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.
കുഞ്ഞിനെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തു ദിവസത്തെ സമയം വേണമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കോടതിയില്‍ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ കോടതി ഇന്ന് ഉച്ച കഴിഞ്ഞു തീരുമാനം എടുക്കും.
കുഞ്ഞിനെ കേരളത്തിലേയ്ക്ക് തിരിച്ച് എത്തിയ്ക്കാന്‍ മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘം ആന്ധ്രയിലേയ്ക്കു പോയി. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കു ദത്തു നല്‍കിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.