നവരാത്രി ആഘോഷം; ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം
തിരുവനന്തപുരം പൂജപ്പുര മണ്ഡപത്തിലെ നവരാത്രി ആഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.
തിരക്ക് നിയന്ത്രിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായി. ഗതാഗത ക്രമീകരണവും പാർക്കിംഗിന് പ്രത്യേക സംവിധാനവും ഉണ്ടാകും. വനിതാ പൊലീസുകാരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തും.
ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യവിഭാഗം നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ വഴിവാണിഭത്തിന് നിയന്ത്രണം ഉണ്ടാകും. ശുദ്ധജലവിതരണം വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കും. ആഘോഷത്തോടൊപ്പം സംഘടിപ്പിച്ചിട്ടുള്ള അമ്യൂസ്മെന്റ് പാർക്കിന്റെ സുരക്ഷാസംവിധാനങ്ങൾ കർശനമായി പരിശോധിക്കു.
പൊലീസ്, ട്രാഫിക്, കെഎസ്ഇബി, വാട്ടർ,അതോറിറ്റി,റവന്യൂ, നഗരസഭാ ഉദ്യോഗസ്ഥർ, പൂജപ്പുര കൗൺസിലർ വി.വി രാജേഷ്, ഉത്സവ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.