മകളുടെ മുന്നിൽവെച്ച് പിതാവിനെ മർദ്ദിച്ച സംഭവം: 4 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി.
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. അടിക്കല്ലേന്ന് പറഞ്ഞിട്ടും പപ്പയെ ജീവനക്കാര്‍ മര്‍ദിച്ചെന്നും പെണ്‍കുട്ടിയാണെന്ന് പോലും നോക്കാതെ തന്നെയും തള്ളിയിട്ടെന്നും കുട്ടി പറഞ്ഞു. ‘ടോയ്‌ലറ്റില്‍ പോയി തിരിച്ചുവരുമ്പോഴാണ് തര്‍ക്കമുണ്ടായത് കണ്ടത്. പപ്പയെ തല്ലുന്നത് കണ്ടപ്പോള്‍ പിടിച്ചുമാറ്റാനാണ് ഞാന്‍ നോക്കിയത്. പക്ഷേ അവരെന്ന തള്ളിയിട്ടാണ് പപ്പയെ അടിച്ചത്. അടിക്കല്ലേന്ന് ഞാന്‍ പറഞ്ഞതാ. പപ്പയ്ക്ക് വയ്യാതായപ്പോഴാണ് അവര്‍ നിര്‍ത്തിയത്. വയ്യെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. കൂട്ടുകാരിക്കൊപ്പം ഞാന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ പോയി വിവരം പറഞ്ഞത്.
ഒരു പെണ്‍കുട്ടിയാണ്, കുട്ടിയാണ് എന്നൊന്നും നോക്കാതെയാണ് എന്നെയും തള്ളിയിട്ടത്. പൊലീസുകാരാണ് പപ്പയ്ക്ക് ഓട്ടോ വിളിച്ച് തന്ന് ആശുപത്രിയില്‍ പോയത്. ഇന്നുണ്ടായിരുന്ന പരീക്ഷ പോലും നന്നായി എഴുതാന്‍ കഴിഞ്ഞില്ല’. സംഭവത്തില്‍ അഞ്ച് പേരെ പ്രതിചേര്‍ത്താണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. ഐപിസി 143, 147, 149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ച് മര്‍ദിക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.