സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും സമരം ശക്തമാക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍
സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്ത് കടന്നു. ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെയും നിലപാട്.
അഞ്ചാം ദിവസവും വിഴിഞ്ഞം സാക്ഷിയായത് നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ അണിനിരന്ന പ്രതിഷേധത്തിനാണ്. വിഴിഞ്ഞം തീരദേശ ഇടവകയിലെ കുടുംബങ്ങളെല്ലാം സമരവേദിയിലേക്ക് ഇരച്ചെത്തി. ആദ്യം ബാരിക്കേട് തകര്‍ക്കാന്‍ ശ്രമം. പിന്നീട് മറ്റൊരു വഴിയിലൂടെ പ്രധാന കവാടത്തിലേക്ക്. പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്ത് കടന്ന സമരക്കാര്‍ പ്രധാന കെട്ടിടത്തിന് മുകളില്‍ കൊടി നാട്ടി.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും, ചര്‍ച്ച നടന്നതുകൊണ്ട് പിന്നോട്ട് പോകുമെന്ന് കരുതേണ്ട പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിരവധി പേരും വിഴിഞ്ഞത്ത് എത്തിയിരുന്നു. അതേസമയം, പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്ന് മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി.