ഷാജഹാന്‍ വധക്കേസ്; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി
പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ കോടതി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്റെ അമ്മ ദേവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
ഷാജഹാന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരും പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഷാജഹാനെ അക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പ്രതികള്‍ക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നതാണ് കൊലയ്ക്ക് കാരണമായത്. ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.