Saturday, October 19, 2024
Kerala

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം തുടരുന്നു

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുന്നു. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും.

31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം.

നൂറുകണക്കിന് തീരദേശവാസികള്‍ ആണ് ഇന്നലെ ഉപരോധ സമരത്തിനെത്തിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടും സമരക്കാര്‍ അനുനയത്തിന് തയാറായിട്ടില്ല.

കനത്ത പ്രതിഷേധം നടക്കുന്നതിനിടെ മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം സ്ഥലം നല്‍കാന്‍ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്. ഈ മാസം 22നകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published.