സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ; സർക്കാരുമായി നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.
ഡിവൈഎഫ്‌ഐ എ എ റഹീമിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി ചർച്ച നടന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. പ്രമോഷൻ ഒഴിവുകൾ ഉടൻ നികത്തുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ ഉറപ്പ് നൽകിയത്.
എന്നാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന നിലപാടിൽ ഉദ്യോഗാർഥികൾ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു. തങ്ങളുന്നയിച്ച കാര്യങ്ങളിൽ ഒന്നിലും ഉറപ്പ് നൽകിയില്ലെന്നാണ് ഉദ്യോഗാർഥികൾ പിന്നീട് ആരോപിച്ചത്.