ചവറയില്‍ എന്‍ഐഎ റെയിഡ്; പരിശോധന നടന്നത് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍
കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് എന്‍ഐഎ റെയ്ഡ് നടന്നത്. അബ്ദുള്‍ അസീസിന്റെ വീട്ടിലും, ഭാര്യ വീട്ടിലുമായിരുന്നു എന്‍ഐഎ റെയ്ഡ് നടത്തിയത്. ലഘുലേഖകള്‍ ഉള്‍പ്പെടെ റെയ്ഡില്‍ പിടിച്ചെടുത്തു.
അബ്ദുള്‍ അസീസിന് എസ്ഡിപിഐ ഭാരവാഹിത്വമുണ്ടെങ്കിലും ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍ഐഐ ഉദ്യോഗസ്ഥര്‍ പറയുന്നു. പിഎഫ്‌ഐ ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അബ്ദുള്‍ അസീസ് നേരിട്ട് ഇടപെട്ടുവെന്ന് വിശദീകരിച്ചാണ് ചവറയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയത്.
അബ്ദുള്‍ അസീസിന്റെ രണ്ട് വീടുകളില്‍ നിന്നായി 18ലധികം ലഘുലേഖകള്‍ പിടിച്ചെടുത്തെന്നാണ് എന്‍ഐഎ അറിയിക്കുന്നത്. പിഎഫ്‌ഐ നിരോധനത്തിന് ശേഷം അബ്ദുള്‍ അസീസ് വിദേശത്തേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരക്കിട്ട നടപടികളിലേക്ക് എന്‍ഐഎ കടന്നതെന്നാണ് സൂചന. ആറ് മണിക്കൂറിലധികമാണ് എന്‍ഐഐ പരിശോധന നീണ്ടുനിന്നത്. റെയ്ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎ നാളെ പുറത്തുവിടുമെന്നാണ് വിവരം.