കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും
വിവാദങ്ങൾക്കിടെ കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. ബിജെപിയുടെ ഓപ്പറേഷൻ താമര മുഖ്യ ചർച്ചാവിഷയമാകും. ക്രൈസ്തവരെ ഒപ്പം കൂട്ടാനുള്ള ബിജെപി ശ്രമം ചെറുത്തു തോൽപ്പിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകും. വിവിധ രാഷ്ട്രീയ വിഷയങ്ങൾ നിലനിൽക്കെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തത് വിമർശനത്തിന് ഇടവച്ചിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങളും ചർച്ചചെയ്യും. നേതാക്കന്മാരുടെ പരസ്യ പ്രതികരണവും വിമർശനം നേരിടേണ്ടി വരും എന്നാണ് സൂചന.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നു. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരന് കെ സി ജോസഫ് കത്തയച്ചു. ഗുരുതര രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടും രാഷ്ട്രീയകാര്യ യോഗം ചേരാത്തത് അനുചിതമാണെന്നാണ് കത്തിലൂടെ എ ഗ്രൂപ്പ് വിമർശിച്ചിരിക്കുന്നത്.
ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ച ചെയ്യണമെന്നും കെ സി ജോസഫിന്റെ കത്തിൽ ആവശ്യമുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതിയുടെ യോഗങ്ങൾ നാല് മാസമായി ചേർന്നിട്ടേയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പിന്റെ വിമർശനങ്ങൾ. നേതൃതലത്തിലെ ഭിന്നതയും ആഭ്യന്തര കലഹങ്ങളും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് വിമർശനങ്ങളുമായി എ ഗ്രൂപ്പ് രംഗത്തെത്തിയത്.
ന്യൂനപക്ഷങ്ങളെ കൂടെ നിർത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ച് ബിജെപി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം യാതൊരു ചർച്ചയും പാർട്ടികകത്ത് നടത്താത്തതിലെ അതൃപ്തിയാണ് കത്തിലൂടെ എ ഗ്രൂപ്പ് പങ്കുവച്ചത്. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഈ മാസം 20ന് ചേർന്നേക്കുമെന്ന് വിവരമുണ്ട്.