വണ്ടൻമേടിലെ യുവാവിന്റെ മരണം കൊലപാതകം; ഭാര്യ കുറ്റം സമ്മതിച്ചു
ഇടുക്കി വണ്ടൻമേട്ടിൽ തമിഴ് വംശജനായ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൽ കോളനി സ്വദേശി രഞ്ജിത്താണ്(38) മരിച്ചത്. ഫെബ്രുവരി 6ന് രാത്രിയാണ് വീട്ടുമുറ്റത്ത് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടത്
പടിക്കെട്ടിൽ തലയിടിച്ച് വീണു മരിച്ചെന്നാണ് ഭാര്യ അന്നലക്ഷ്മി(28) പറഞ്ഞത്. എന്നാൽ ദുരൂഹത തോന്നിയ പോലീസ് ബന്ധുക്കളെയും പരിസരവാസികളെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് അന്നലക്ഷ്മി കുറ്റം സമ്മതിച്ചത്.
ദിവസവും രഞ്ജിത്ത് മദ്യപിച്ചെത്തി മർദിക്കുക പതിവായിരുന്നുവെന്ന് യുവതി പറയുന്നു. തന്റെ ജന്മദിനത്തിലും മദ്യപിച്ചെത്തി മർദിച്ചതോടെയാണ് രഞ്ജിത്തിനെ തള്ളി താഴെയിട്ടത്. നിലത്തുവീണ രഞ്ജിത്തിനെ കാപ്പി വടി കൊണ്ട് തലയ്ക്കടിക്കുകയും പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു