പണിക്കന്‍കുടി കൊലപാതകം സംശയത്തെ തുടര്‍ന്ന്; പ്രതി കുറ്റം സമ്മതിച്ചു
തൊടുപുഴ: ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ കൊലപ്പെടുത്തി അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതി ഭര്‍ത്താവ് ബിനോയ് കുറ്റം സമ്മതിച്ചു. സിന്ധുവിനോട് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ബിനോയുടെ കുറ്റസമ്മതം. കൊലപാതകം നടന്ന ദിവസം സിന്ധുവുമായി വഴക്കുണ്ടായി. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നും ബിനോയ് പറഞ്ഞു.
അടുക്കളയില്‍ അടുപ്പിന് താഴെ രണ്ടര അടി താഴ്ചയില്‍ കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് നായക്ക് പോലും മണം കിട്ടാതിരിക്കാന്‍ കുഴിയില്‍ മുളക് വിതറി. വസ്ത്രങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷം മറവ് ചെയ്തു. കുഴിക്ക് മുകളില്‍ ചാക്ക് വിരിച്ച് അതില്‍ ഏലക്ക ഉണക്കാനിടുകയും ചെയ്തു. കാണാതായ സിന്ധുവിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. സംശയത്തെ തുടര്‍ന്ന് സിന്ധുവിന്റെ മകനും സുഹൃത്തുക്കളും അയല്‍വാസിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോട് തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവില്‍ കഴിഞ്ഞത്. രണ്ട് ദിവസം മുന്‍പ് പെരിഞ്ചാംകുട്ടിയില്‍ എത്തി. ഇവിടെ വെച്ചാണ് പൊലീസ് പിടിയിലായത്. ഇരുപതുദിവസത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് ബിനോയ് പിടിയിലായത്. പ്രതിയെ നാളെ കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും.